മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു

NRI DESK: തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം പി എം മറിയുമ്മ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 8 ന് നടക്കും.വടക്കൻ കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിതയായിരുന്നു മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിക്കുന്നത്. സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താം ക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.

ഇതിനു പുറമെ സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ സജീവമായിരുന്നു. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനും ശ്രമങ്ങൾ നടത്തിയിരുന്നു.

മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ അനുശോചിച്ചു . തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്‌ത്തുന്നതാണ്. ആ ദുഃഖത്തിൻ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.