വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്

NRI DESK: വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ള യാത്രയ്‌ക്കിടെ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മോട്ടോർ വാഹന വകുപ്പാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് ആർ ടി ഒയുടെ ശ്രദ്ധയിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുള്ള ഓട്ടോ ശ്രദ്ധയിൽപ്പെട്ടത്. വേങ്ങര കുറ്റൂർ നോർത്തിലാണ് സംഭവം.

വാഹനം പരിശോധിച്ചപ്പോൾ ഡ്രൈവറടക്കം 16 പേരാണ് ഓട്ടോയ്‌ക്കുള്ളിൽ ഉണ്ടായിരുന്നത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് വാഹനം പിടികൂടിയത്. ഓട്ടോ റിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ ടാക്സ് അടയ്‌ക്കാത്തതും ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് 4000 രൂപ പിഴ ഡ്രൈവർക്കെതിരെ ചുമത്തി.

സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിനും ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പിന് ഉദ്യോ​ഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ സ്കൂൾ വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി സ്കൂളിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.