നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്‌സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി

NRI DESK: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങൾ കണ്ടെത്തി. ജിദ്ദയിൽ നിന്ന് രാവിലെയോടെ കൊച്ചിയിലെത്തിയ യാത്രക്കാരനിലാണ് മങ്കിപോക്‌സ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഇയാളെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയാണ്.

വിശദ പരിശോധനയ്‌ക്കായി സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ രോഗിയെ ഡിസ്ചാർജ് ചെയ്‌തെങ്കിലും മറ്റുളളവർ ചികിത്സയിലാണ്.

മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കുമെന്നാണ് വിവരം.