പ്ലസ്‌വണ്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം

NRI DESK: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ആഗസ്റ്റ് 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ പതിപ്പ് സഹിതം സ്‌ക്കൂളുകളില്‍ ഹാരജാകണം. സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസര്‍ട്ടും ഇതിനൊപ്പം പ്രസിദ്ധീകരിക്കും.

ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 നും പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കും.