ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു

NRI DESK: ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമെങ്കിലും പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. തൃശ്ശൂരിൽ 2700 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇന്ന് പുലർച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ചാലക്കുടിയിലും, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും, കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ആണ് ജലനിരപ്പ് ഉയരാതിരിക്കാൻ കാരണം. എറണാകുളം ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ട്.

അതേസമയം പുത്തൻവേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല. ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. എന്നാൽ , തൊടുപുഴയിൽ മഴ കുറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടിക്കും പനം കുട്ടിക്കും ഇടയിൽ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം നിരോധിച്ചു.