കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം

NRI DESK: കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം ഏറെ നേരം കഴിഞ്ഞിട്ടും ഷീന മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നിരുന്നില്ല. തുടർന്ന് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്.

ഭർത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. ഭർത്താവ് രാജേഷ് ദുബായിലാണ്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഭർത്താവിന്റെ മുന്നിൽ വെച്ച് പോലും ഇവർ ഷീനയെ മർദ്ദിച്ചിരുന്നു. ഭർതൃവീട്ടിലെ പീഡനമാണോ മരണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.