കനത്ത മഴ; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

NRI DESK: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഡോ.രേണു രാജ് അവധി പ്രഖ്യാപിച്ചത്. കളക്ടർ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പല കുട്ടികളും സ്‌കൂളിൽ എത്തിയെന്നും പല കുട്ടികളേയും സ്‌കൂൾ വണ്ടിയിൽ വിട്ടുവെന്നുമെല്ലാം രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്. ജില്ലയിൽ കനത്ത മഴയാണ് നിലവിൽ ഉള്ളത്. പുലർച്ചെ തുടങ്ങിയ മഴ ഇതുവരെ ശമിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അന്തരീക്ഷം മേഘാവൃതമെങ്കിലും കാറ്റിന്റെ ശക്തി മഴയെ സ്വാധീനിക്കുക. കാറ്റ് ശക്തിപ്രാപിച്ചാൽ മധ്യ വടക്കൻ കേരളത്തിൽ രാവിലെ മുതൽ കൂടുതൽ മഴ ലഭിക്കും. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം.