സംസ്ഥാനത്തെ മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം, പ്രളയ സമാന നീരൊഴുക്ക്: കേന്ദ്ര മുന്നറിയിപ്പ്

NRI DESK: സംസ്ഥാനത്ത് മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ജലകമ്മിഷന്‍. കരമന, നെയ്യാര്‍, മണിമല പുഴകളിൽ പ്രളയസമാനമായ നീരൊഴുക്കാണെന്നും കമ്മീഷന്‍ അറിയിച്ചു. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറഞ്ഞു.

മൂന്ന് നദികളുടെയും തീരത്ത് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നിലവിൽ വന്നു. അതേസമയം, തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് പൂര്‍ണമായി പിന്‍വലിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 19 മരണങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്ത് ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. എം.ജി.സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.