കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്; കോടിയേരി ബാലകൃഷ്ണൻ

NRI DESK: ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യായമായ വിയോജിപ്പുകളെ പാർട്ടി അംഗീകരിക്കുമെന്നും കോടിയേരി പ്രതികരിച്ചു. സർവീസ് ചട്ടങ്ങളുടെ ഭാഗമായിട്ട് മാത്രമാണ് ശ്രീറാമിനെ കളക്ടറാക്കി നിയമിച്ചതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി. ‘മോദിക്കെതിരെ ഉയരുമോ കോൺഗ്രസിന്റെ കരിങ്കൊടി’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ശ്രീറാമിനെക്കുറിച്ചുള്ള പരാമർശമുള്ളത്.

കോടിയേരിയുടെ വാക്കുകള്‍: ”എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കലക്ടറാക്കി.”

”എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിര്‍പ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണ്. എന്നാല്‍, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ഒരു ന്യായവുമില്ല.”