സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

NRI DESK: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് നാല് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ, മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അന്തരീക്ഷം മേഘാവൃതമെങ്കിലും കാറ്റിന്റെ ശക്തി മഴയെ സ്വാധീനിക്കുക. കാറ്റ് ശക്തിപ്രാപിച്ചാൽ മധ്യ വടക്കൻ കേരളത്തിൽ രാവിലെ മുതൽ കൂടുതൽ മഴ ലഭിക്കും. വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.