സംസ്ഥാനത്ത് ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

NRI DESK: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഇടുക്കി-പത്തനംതിട്ട കളക്ടര്‍മാർ അറിയിച്ചു. തൃശൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ലെന്നും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഇതിനു പുറമെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, വെള്ളക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതിനിടെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലക്കളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരുന്നതിന്റെ കാരണം.