മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി

NRI DESK: തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടി. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടിടിഇ പാമ്പിനെ പിടികൂടിയത്. ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ്5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ യാത്രക്കാരെയും ലഗേജും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ലഗേജുകൾക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് വ്യാ‍ഴാഴ്ച വസായ് റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്മെന്റ് നടത്തി. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ തയാറായി മുന്നോട്ട് വന്നു. തുടർന്ന്, ഇരുമ്പുദണ്ഡ് തലയിൽ അമർത്തി ഇദ്ദേഹം പാമ്പിനെ പിടികൂടുകയായിരുന്നു.