കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും

NRI DESK: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തു. ഇന്ത്യൻ സമയം രാതി 11.30-ഇനാണ് ചടങ്ങുകൾ ആരംഭിച്ചത്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്‍മാറിയതിനാല്‍ ഒളിമ്പ്യന്‍ പി.വി.സിന്ധുവും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത്.

ഇന്ന് ഉച്ചക്ക് 1:30മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. 215 താരങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. 72 രാജ്യങ്ങളില്‍ നിന്നുള്ള 5000തിലധികം കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം ബ്രിട്ടണ്‍ ആതിഥേയത്തം വഹിക്കുന്ന ഏറ്റവും വലിയ ഇവന്റാണിത്.

ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളാണ്. പിവി സിന്ധു(ബാഡ്മിന്റന്‍), മീരാ ഭായ് ചാനു(ഭാരോദ്വഹനം), ബജ്രംഗ് പുനിയ(ഗുസ്തി), ലോവ്ലിന ബോര്‍ഗോഹെയ്ന്‍(ബോക്സിങ്), രവികുമാര്‍ ദഹിയ(ഗുസ്തി), എന്നിവര്‍ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷകളാണ്. അതേസമയം ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.ഇന്ന് 4.30 ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. വൈകിട്ട് 6.30 ന് ടേബിൾ ടെന്നീസിൽ മനിക ബത്ര മൽസരിക്കും. 7.30 ന് നീന്തലിൽ സജൻ പ്രകാശ് ഇറങ്ങും. വനിത ഹോക്കിയിൽ ഇന്ത്യ ഘാന മൽസവും ഇന്ന് നടക്കും. ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ സുമീത് റെഡ്ഡി സഖ്യം മൽസരിക്കും.