യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

NRI DESK: യുഎഇയില്‍ ബുധനാഴ്ച രാത്രി മുതൽ വ്യാപക മഴ. വടക്കന്‍ എമിറേറ്റുകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുന്നത്. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റാസല്‍ഖൈമ ഫുജൈറ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടങ്ങളിലും റോഡുകള്‍ വെളളത്തില്‍ മുങ്ങി. ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു.

ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ അല്‍ ഹരായിഖോര്‍ഫക്കന്‍ റോഡ് അടച്ചു.

രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് റിപ്പോര്‍ട്ട്. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.