ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

NRI DESK: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജാവ്‌ലിൻ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനം ഉയർത്തിയത്.

ഞങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളിൽ ഒരാളുടെ മഹത്തായ നേട്ടം. വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യൻ കായിക രംഗത്തിന് ഇതൊരു അപൂർവ്വ നിമിഷമാണ്. വരും മത്സരങ്ങളിലും വിജയം കൈവരിക്കാൻ ആശംസകൾ നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിയമകാര്യ മന്ത്രി കിരൺ റിജ്ജുജു, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരും നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ നേർന്നിട്ടുണ്ട്.

ഒളിംപിക്‌സ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്ന നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ഇതിന് മുമ്പ് ലോംഗ്‌ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്‌സിലും ലോക മീറ്റിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന നേട്ടം നീരജ് ചോപ്രയ്‌ക്ക് സ്വന്തമായി.

ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരില്‍ വിവിധ റൗണ്ടുകളില്‍ പ്രകടനം മെച്ചപ്പെടുത്തി നീരജ് വെള്ളിയിലേക്ക് ജാവലിന്‍ എറിയുകയായിരുന്നു. 88.13 മീറ്റര്‍ ദൂരവുമായാണ് നീരജിന്‍റെ വെള്ളി നേട്ടം. അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 90.54 മീറ്ററുമായി സ്വര്‍ണം നിലനിര്‍ത്തി.