മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ

NRI DESK: വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപകമായതോടെ ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമാണ് മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. 75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മങ്കിപോക്സ് വ്യാപനത്തിന്‍റെ ഫലമായി ഇതുവരെ അഞ്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതിനാലാണ് പ്രഖ്യാപനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെദ്രോസ് അഥനോം വ്യക്തമാക്കി. ഇനിയുമേറെ രാജ്യങ്ങളിലേക്ക് രോഗം പടർന്ന് പിടിക്കാനും പല രാജ്യങ്ങളിലും ഗുരുതരമായ വ്യാപനം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ ഇതുവരെ മൂന്ന് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് രോഗികളും കേരളത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗികൾ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.