ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക് ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

NRI DESK: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കമ്പനി തയാറാകത്തതിനെ തുടര്‍ന്നാണ് 4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്ന് മസ്ക് പിന്മാറുന്നത്. വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർവാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനും മസ്ക് എടുത്ത് പറയുന്നത്. ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.

ലയന കരാര്‍ നടപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലര്‍ പറഞ്ഞു .കോടതിയില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ടെയ്‌ലര്‍ ട്വീറ്റ് ചെയ്തു. ഈ തീരുമാനം ശതകോടീശ്വരനായ മസ്‌കും 16 വര്‍ഷ പഴക്കമുള്ള സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാന കമ്പനിയായ ട്വിറ്ററും തമ്മിലുള്ള വലിയ നിയമ യുദ്ധത്തിന് വഴിവെക്കും. കോടതി നടപടികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍.

ട്വിറ്റര്‍ മസ്‌കിന് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്ന് വാദിക്കാന്‍ നിയമപരമായി നല്ല സ്ഥാനമുണ്ട്. മസ്‌കിന്റെ വാദങ്ങള്‍ ഇടപാടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഒരു കാരണം മാത്രമാണ്, തുലെയ്ന്‍ ലോ സ്‌കൂള്‍ ഫാക്കല്‍റ്റി റിസര്‍ച്ച് അസോസിയേറ്റ് ഡീന്‍ ആന്‍ ലിപ്റ്റണ്‍ പറഞ്ഞു.ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ശതകോടി ഡോളര്‍ ബ്രേക്ക്അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ നിബന്ധനകള്‍. എന്നാല്‍ വിപുലീകൃത ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ 6% ഇടിഞ്ഞ് 34.58 ഡോളറിലെത്തി. ഏപ്രിലില്‍ ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക് സമ്മതിച്ച സമയത്ത് ഒരു ഷെയറിന് 54.20 ഡോളറായിരുന്നു.