കാർഷിക സർവകലാശാല സംരക്ഷണ ജാഥക്ക് മഞ്ചേശ്വരത്ത്  തുടക്കം

NRI DESK: കേരള കാർഷിക സർവ്വകലാശാലയെ സംരക്ഷിക്കുക, ജനാധിപത്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചു കൊണ്ട് സർവ്വകലാശാലയിലെ അധ്യാപക അനധ്യാപക തൊഴിലാളി വിദ്യാർത്ഥി സംഘടനകൾ മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി.  മുൻ ഉദുമ എം.എൽ.എ., പി.രാഘവൻ്റെ നിര്യാണത്തെ തുടർന്ന് ജാഥാ ഉദ്ഘാടനം 6.7.2022 ന്  പടന്നക്കാട് കാർഷിക കോളേജിലേക്ക് മാറ്റിയെങ്കിലും  സംരക്ഷണ ജാഥ  മഞ്ചേശ്വരം  കേന്ദ്രത്തിൽ നിന്ന് ഔപചാരികമായി ആരംഭിച്ചു.    ജാഥയിൽ കാർഷിക സർവ്വകലാശാലയുടെ കാസർകോഡ് ജില്ലയിലുളള എല്ലാ സ്ഥാപനങ്ങളിൽ നിന്നുള്ളവരുടെയും വൻപങ്കാളിത്തമാണുള്ളത്.

സർവ്വകലാശാലയുടെ പരമാധികാര സഭയായ ജനറൽ കൗൺസിൽ രൂപീകരിച്ച് 2 വർഷം കഴിഞ്ഞെങ്കിലും കർഷക പ്രതിനിധികളെയും വിദഗ്ദ്ധ ശാസ്ത്രജ്ഞരെയും പഞ്ചായത്ത് പ്രസിഡൻ്റ്മാരെയും ഉൾപ്പെടുത്താതെ ജനറൽ കൗൺസിലിനെ നോക്കുകുത്തിയാക്കിരിക്കുകയാണ് വൈസ് ചാൻസലർ.   ജനപ്രതിനിധികളായ MLA മാരെ ഉൾപ്പെടുത്തി ഭരണ സമിതിയും രൂപീകരിച്ചിട്ടില്ല.  ജനാധിപത്യം ഒഴിവാക്കി ജനപ്രതിനിധികളെ അകറ്റി നിർത്തുന്ന വൈസ് ചാൻസലറുടെ സമീപനം സർവ്വകലാശാലയുടെ വിവിധ കോഴ്സുകളുടെ ICAR അക്രെഡിറ്റേഷൻ മുതൽ ആഭ്യന്തര വരുമാന മാർഗ്ഗം വരെയുള്ള കാര്യങ്ങളെ തകരാറിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ നാല് വർഷമായി  മഞ്ചേശ്വരത്തെ കാർഷിക സർവ്വകലാശാല കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത വൈസ് ചാൻസലറാണ് കാർഷിക സർവ്വകലാശാലയുടെ ഭരണം നിർവ്വഹിക്കുന്നതെന്ന് മഞ്ചേശ്വരം കേന്ദ്രത്തിലെ അധ്യാപക അനധ്യാപക തൊഴിലാളി  സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജാഥ ക്യാപ്റ്റൻ ഡോ.പി.കെ.സുരേഷ് കുമാർ പറഞ്ഞു. അതേ സമയം ബാഹ്യ സഹായ പദ്ധതിയിലെ പണം ഉപയോഗിച്ച് വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലഭിക്കുന്ന യാതൊരു അവസരവും ഇദ്ദേഹം മുടക്കിയിട്ടില്ല. കാസർകോഡ് ജില്ലയുടെ പ്രത്യേക വികസ പാക്കേജിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം കേന്ദ്രത്തിൽ റൂറൽ ടെക്നോളജി സെൻ്റർ പ്രൊജക്ട് തുടങ്ങാനുള്ള നിർദേശങ്ങൾ ഉൾപെടുത്തിയിരുന്നു. 1.5 കോടി രൂപ ഇതിന് വകയിരുത്തിയിരുന്നു. പ്രസ്തുത സംരഭത്തോട് സർവ്വകലാശാല ഭരണസംവിധാനം വലിയ അവഗണനയാണ് പുലർത്തിയത്.  കാസർകോഡ് കുള്ളൻ ദേശി ഇനത്തിൽ പെട്ട കന്നുകാലികളുടെ സംരക്ഷണവുമായി ബന്ധപെട്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നതിലും സർവ്വകലാശാല പരാജയമായി. 16.5 ഏക്കർ സ്ഥലമുള്ള മഞ്ചേശ്വരം കേന്ദ്രം കാസർകോഡ് ജില്ലയുടെ കാർഷിക ഭൂപടത്തിൽ അപ്രസക്തമായി തുടരുകയാണ്. ഹോർട്ടികൾച്ചർ വിഭാഗത്തിൽ പ്രത്യേകമായി ശാസ്ത്രജ്ഞരുടെ തസ്തിക സൃഷ്ടിച്ച് സ്ഥാപനം ഇന്ന്  അഭിമുഖീകരിക്കുന്ന വികസന മരവിപ്പിനെ മറികടക്കാൻ സർവ്വകലാശാല തയ്യാറാകണം.  സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടുപയോഗിച്ചുകൊണ്ടുള്ള പദ്ധതി പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലാണ്.  കാസർകോഡ് ജില്ലയിലെ പട്ടികവർഗ്ഗത്തിൽ പെട്ടവരുടെ തൊഴിലോന്മുഖ ട്രെയിനിംഗുമായി ബന്ധപെട്ട് കേന്ദ്ര സർക്കാരിൻ്റെ ഗ്രാൻ്റും ഈ കേന്ദ്രത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. ജനാധിപത്യമില്ലാത്ത കാർഷിക സർവ്വകലാശാലയിലെ നിലവിലുള്ള കുത്തഴിഞ്ഞ ഭരണ സംവിധാനം ഉടച്ച് വാർത്ത് ജനാധിപത്യ സംവിധാനം അടിയന്തിരമായി പുനസ്ഥാപിക്ക ണമെന്നും ഡോ.പി.കെ. സുരേഷ് കുമാർ ആവശ്യപെട്ടു.   ജാഥ മാനേജർ പി.ആർ സുരേഷ് ബാബു, ജാഥാoഗങ്ങളായ ഡോ. ബി. സുമ, ഡോ. ടി. കെ. കുഞ്ഞാമു, ഡോ. എസ്. വിശ്വേശ്വരൻ, കെ.സുരേഷ് കുമാർ, കെ. ജി. സിന്ധു, കെ.ആർ.പ്രദീഷ്,  പി.കെ.നൗഷാദ്, പി.വാസുദേവൻ എന്നിവർക്ക്  ജില്ലയിലെ വിവിധ ബഹുജന സംഘടനകൾ സ്വീകരണം നൽകി.