ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

NRI DESK: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദില്ലിക്ക് മടങ്ങി. ഉപരാഷ്ട്രപതിയെ യാത്രയാക്കാന്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ദോഹ വിമാനത്താവളത്തില്‍ എത്തി. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.

ഉപരാഷ്ട്രപതിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നി എം ഉഷയും ഖത്തർ സന്ദർശനത്തിനെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോഡി, വിജയ് പാൽ സിങ് ടമർ, ലോകസഭാംഗം പി.രവീന്ദ്രനാഥ് തുടങ്ങിയവരും അദ്ദേത്തോടൊപ്പം ഉണ്ടായിരുന്നു. ഖത്തറിലെത്തിയ അദ്ദേഹം ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്ററികാര്യ മേഖലയില്‍ ഇന്ത്യയും ഖത്തറും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു.

ഖത്തര്‍ നാഷണല്‍ മ്യൂസിയവും ഉപരാഷ്ട്രപതി സന്ദര്‍ശിച്ചിരുന്നു. മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ് അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിക്കൊപ്പമാണ് അദ്ദേഹം മ്യൂസിയം സന്ദര്‍ശിച്ചത്. ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ഥാനി, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു.