വിദേശരാജ്യങ്ങൾ പോലെകേരളത്തിലും: തിരുവനന്തപുരം നഗരം കാണാം തുറന്ന ‘ഡബിള്‍ ഡക്കറില്‍’

NRI DESK : നഗരം കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്‌സ് ബസുകൾ വരുന്നു. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ സർവ്വീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് നടപ്പാക്കുന്നത്. പദ്ധതിയ്‌ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരിലാണ് വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി നഗരങ്ങളിലും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന സവാരികള്‍ക്ക് സമാനമായ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ച് വൈകുന്നേരങ്ങളിലായിരിക്കും സര്‍വീസ്. ഇതിന് ശേഷം കോവളത്തേക്ക് നീങ്ങുന്ന ബസ് അവിടെ ടൂറിസ്റ്റുകള്‍ക്ക് സമയം ചിലവഴിക്കാന്‍ അവസരം നല്‍കും. പിന്നീട് തിരികെ നഗരത്തില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കും വിധത്തിലാണ് ക്രമീകരണം. 250 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം സ്‌നാക്‌സും ലഘുപാനീയങ്ങളും നല്‍കും. വെക്കേഷന്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ടൂര്‍ പാക്കേജും പ്രഖ്യാപിക്കുക ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ക്രമീകരണം. ഇതിന് ഒപ്പം മഴക്കാലത്തും സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ സുതാര്യമായ മേല്‍ക്കൂരയുള്‍പ്പെടെ ആവശ്യമെങ്കില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവിൽ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിർമ്മാണം നടത്തുന്നത്. പഴയ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.