200 കോടി അധിക വരുമാനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്: ആദ്യത്തെ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിന് പിന്നാലെ സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും ചേരും.

ഉന്നത വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഊന്നൽ നൽകിയ ബജറ്റിൽ കേരളത്തിന്റെ ഭാവിയുടെ ഗതി നിർണയിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഭൂനികുതി പരിഷ്ക്കരിച്ചു. 80 കോടി അധിക വരുമാനം ലക്ഷ്യമിട്ടാണിത്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്തി. 200 കോടി അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.

സ്വകാര്യ വ്യവസായ പാർട്ടുകൾ, തോട്ടഭൂമിയിൽ പുതിയ വിളകൾ, നെല്ലിന്റെ താങ്ങുവില ഉയർത്തി, പുതിയ കോഴ്സുകൾ, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. പല പ്രധാന വകുപ്പുകൾക്കും നേരത്തെ നിശ്ചയിച്ചതിലേറെ തുക നീക്കിവെച്ചിട്ടുണ്ട്. പ്രതിസന്ധിയേറുമ്ബോൾ ചെലവ് ചുരുക്കി ഒഴിഞ്ഞ് മാറുന്ന സമീപനം അല്ല കൈക്കൊണ്ടതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.