‘യുദ്ധം വേണ്ട’: തെരുവിലിറങ്ങി റഷ്യക്കാര്‍

NRI DESK : യുക്രൈനിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യം ഇരച്ചുകയറവേ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന തെരുവായ നെവ്‌സ്‌കി പ്രോസ്പെക്ടിലും മോസ്കോയിലും ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. 1400ലധികം പേര്‍‌ അറസ്റ്റിലായി.

ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവര്‍ അറസ്റ്റും തുടര്‍ നടപടികളും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാന്‍ എല്ലാ സന്നാഹങ്ങളോടെയും പൊലീസ് അണിനിരന്നു. 1400ലധികം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

അതിനിടെ രാജ്യത്തെ സംരക്ഷിക്കാനുള്ള റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഒറ്റയ്‌ക്കാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പറഞ്ഞു. റഷ്യൻ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാണെന്നും സെലൻസ്‌കി പറഞ്ഞു. രാഷ്‌ട്ര തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കുകയാകും അവരുടെ ലക്ഷ്യം. താനാണ് അവരുടെ ആദ്യ ഇര. അതിന് ശേഷം അവർ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്ന് സെലൻസ്‌കി പറഞ്ഞു.

യുദ്ധത്തിനില്ലെന്നും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ വളരെ വൈകാരികമായാണ് സെലൻസ്‌കി പ്രതികരിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ ഇപ്പോൾ ഒറ്റയ്‌ക്കാണെന്ന് സെലൻസ്‌കി പറഞ്ഞു. എല്ലാവർക്കും ഇപ്പോൾ ഭയമാണെന്നും യുക്രെയ്‌ന് നാറ്റോ അംഗത്വം ഉറപ്പു തരാനോ തങ്ങളുടെ പോരാട്ടത്തിന് കൂടെ നിൽക്കാനോ ആരും ഇല്ലെന്നും സെലൻസ്‌കി പ്രതികരിച്ചു.