മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം

NRI DESK : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമം. തുടർന്ന് ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം.

ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തുടർന്ന് ഫെബ്രുവരി ഏഴിന്​​ കേരളത്തിലേക്ക്​ മടങ്ങാനാണ്​ പദ്ധതി​. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിൽ മാറ്റം ഉണ്ടായത്. ഒരാഴ്‌ച മുഖ്യമന്ത്രി ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കം. കൂടെ ഭാര്യ കമലയുമുണ്ട്.