സംസ്ഥാനത്ത് തത്കാലം കടുത്ത നിയന്ത്രണങ്ങളില്ല; സ്‌കൂളുകൾ അടയ്ക്കില്ല, രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനം

NRI DESK : കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണൾ ഏർപ്പെടുത്തില്ല. കൂടാതെ, രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്നും, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി. ഏവരും വളരെ അധികം ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. അതേസമയം, നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം എന്നും യോഗത്തിൽ തീരുമാനം ആയി. അതേസമയം നിലവിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ല എന്നും യോഗം വിലയിരുത്തി.

വാക്സിനേഷൻ ഊർജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ സജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകും. അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറൻ്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകൾ വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനം.അതേസമയം സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ, മുൻ നിര പോരാളികൾ,60 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വിതരണം ആരംഭിച്ചു. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.