എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

NRI DESK: നവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍. ജഗത് ജനനിയെ ആരാധിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഈ നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ’ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. കൂടാതെ ദുര്‍ഗാദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു. ശൈലപുത്രി ദേവിയെ സ്തുതിക്കുന്ന ഒരു ശ്ലോകവും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നവരാത്രിയുടെ ഒൻപത് ദിവസങ്ങളിലും ദേവിയുടെ ഓരോ ഭാവത്തെയാണ് ആരാധിക്കുന്നത്. നവരാത്രിയുടെ ഒന്നാം ദിവസമായ ഇന്ന് ശൈലപുത്രി ദേവിയെ ആരാധിക്കുന്ന ദിനമാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ രീതിയിലാണ് നവരാത്രി ആഘോഷം നടത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഈ മാസം 15 വരെ നീളും. 13നാണ് അഷ്ടമി. സരസ്വതി പൂജയും വിദ്യാരംഭവുമാണ് നവരാത്രി ദിനങ്ങളിൽ കേരളത്തിൽ പ്രധാനം. തിന്മയുടെ മേൽ നന്മയുടെ വിജയമെന്നതാണ് നവരാത്രി ആഘോഷത്തിന്റെ കാതൽ. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം.