‘തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം’; മൊട്ടയടിച്ച് തൃപുര ബിജെപി എംഎല്‍എ; പിന്നാലെ രാജി

NRI DESK : ദീര്‍ഘകാലമായി ത്രിപുരയിലെ സുമയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്ന ആശിഷ് ദാസ് പാര്‍ട്ടിവിട്ടു. തെറ്റുകള്‍ക്കുള്ള് പ്രായശ്ചിത്തം എന്ന് ചൂണ്ടിക്കാട്ടി തല മുണ്ഡനം ചെയ്ത ശേഷമായിരുന്നു ആശിഷ് ദാസിന്റെ രാജി പ്രഖ്യാപനം. തുടർന്ന് ഗംഗയിൽ മുങ്ങി കുളിക്കുകയും ചെയ്തു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലായിരുന്നു ആശിഷ് ദാസ് യജ്ഞം നടത്തിയത്.

ത്രിപുരയിലെ ബിജെപി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും ആശിഷ് ദാസ് പറഞ്ഞു. ത്രിപുരയില്‍ ബിജെപി ‘രാഷ്ട്രീയ അരാജകത്വം ‘ വളര്‍ത്തുകയാണെന്ന് ആരോപിച്ച ആശിഷ് ദാസ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും അതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചെന്നും വ്യക്തമാക്കി. ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ് ദാസ് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നതിന്റെ സൂചന കൂടിയാണിത്. ബിജെപി വിടാൻ തീരുമാനിച്ചതു മുതൽ മമത ബാനർജിയെ പുകഴ്ത്തുന്ന നേതാവാണ് ആശിഷ് ദാസ്. ഭവാനിപൂരിലെ വിജയത്തിനു അദ്ദേഹം മമതയെ അഭിനന്ദിക്കുകയും പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള വ്യക്തിയാണ് മമതയെന്നും ആശിഷ് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം 2023 ലെ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. ആശിഷ് ദാസ് തൃണമൂലിൽ ചേർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് തൃണമൂൽ കോൺഗ്രസ് കരുതുന്നത്‌.