ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും

NRI DESK : ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയിൽ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും.

രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും.ആറു മണിക്കു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെർച്യുൽ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും മത-സാംസ്കാരിക നേതാക്കളും സാംസ്കാരിക സമ്മേളത്തിൽ പങ്കെടുക്കും.

അതേസമയം, അഷ്ടമിരോഹിണിയോടനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് വള്ളസദ്യ നടക്കും. 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വള്ളസദ്യ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴഞ്ചേരി, മാരാമൺ, കീഴ്വൻമഴി പള്ളിയോടങ്ങൾ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുക. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങൾക്ക് ആചാരപരമായ സ്വീകരണം നൽകും. മൂന്ന് പള്ളിയോടങ്ങൾക്കും വിശിഷ്ടാതിഥികൾക്കുമായി 4 ഓഡിറ്റോറിയങ്ങളിലാണ് വള്ളസദ്യ നൽകുക. ചടങ്ങുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.