മഴമിഴി മെഗാ സ്ട്രീമിങ്ങിന്റെ ടൈറ്റില്‍ അനിമേഷന്‍ പുറത്തിറക്കി

തിരുവനന്തപുരം:  സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ തയ്യാറാക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ ടൈറ്റില്‍ അനിമേഷന്‍ വീഡിയോ പുറത്തിറക്കി. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി നടന്‍ രാഘവനു നല്‍കിയാണ് അനിമേഷന്‍ വീഡിയോയുടെ സിഡി പ്രകാശനം ചെയ്തത്. തുടര്‍ന്ന് അനിമേഷന്‍ വീഡിയോ പ്രദര്‍ശനത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ ജീവിതവൃത്തി നഷ്ടപ്പെട്ട കലാകാരന്മാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കിയ ബദലാണ് മഴമിഴി പദ്ധതിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. രാജ്യത്താകെ മറ്റു മേഖലകളെപ്പോലെ കലാരംഗവും സ്തംഭിച്ചു നില്‍ക്കുമ്പോള്‍ കേരളം മുന്നോട്ടുവെച്ച മാതൃകയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് നടന്‍ രാഘവനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമ ഗ്രാമാന്തരങ്ങളിലെത്തി കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് കലാപ്രകടനത്തിനുള്ള അവസരവും സാമ്പത്തിക സഹായവും നല്‍കുക എന്നത് ചെറിയ കാര്യമല്ലെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. മഴമിഴി പദ്ധതിക്ക് ആശംസയറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴമിഴി പ്രോഗ്രാം കണ്‍വീനറും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ആമുഖമായി സംസാരിച്ചു. മഴമിഴി പ്രോഗ്രാം സ്‌ക്രിനിങ് കമ്മറ്റി അംഗമായ പ്രസിദ്ധ സംഗീതജ്ഞ ഡോ കെ. ഓമനക്കുട്ടിയും ഭാരത് ഭവന്‍ നിര്‍വാഹക സമിതി അംഗവും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ അബ്രദിതോ ബാനര്‍ജിയും ആശംസയറിച്ചു സംസാരിച്ചു. ഭാരത്് ഭവന്‍ നിര്‍വാഹക സമിതി അംഗം റോബിന്‍ സേവ്യര്‍ നന്ദി പറഞ്ഞു.