ചിമ്പാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

NRI DESK:  ചിമ്പാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. താന്‍ ചിമ്പാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബെല്‍ജിയത്തിലാണ് സംഭവം.

4 വര്‍ഷമായി യുവതി സ്ഥിരമായി വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാലയില്‍ വരാറുണ്ടായിരുന്നു. ചിറ്റ എന്ന ചിമ്പാന്‍സിയെ കാണാനാണ് യുവതി എന്നും മൃഗശാലയില്‍ എത്തിയിരുന്നത്. കൂടിന് അപ്പുറത്തും ഇപ്പുറത്തും നിന്നാണ് ഇരുവരും കണ്ടിരുന്നത്. യുവതി എന്നും ചിമ്പാന്‍സിയുടെ കൂടിന് സമീപമെത്തി സംസാരിക്കുന്നതും കൈവീശി കാണിക്കുന്നതും മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഞാന്‍ ആ ജീവിയെ സ്‌നേഹിക്കുന്നു. അവന്‍ എന്നെയും. അതിലെന്താണ് പ്രശ്‌നം’ എന്നാണ് യുവതിയുടെ ചോദ്യം. എന്നാല്‍ യുവതിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന ചിമ്പാന്‍സിയെ മറ്റ് ചിമ്പാന്‍സികള്‍ അവഗണിക്കുകയാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. അവര്‍ അവരുടെ കൂട്ടത്തില്‍ ഒരാളായി ചിമ്പാന്‍സിയെ പരിഗണിക്കുന്നില്ല. ഇത് ചിറ്റയുടെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് യുവതിയെ വിലക്കിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.