സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു; യു.ഡി.എഫിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: പതിനേഴാം ലോകസഭയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ആരംഭിച്ചു. ഏപ്രില്‍ മാസം നാല് വരെയാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. അടുത്ത ദിവസം അതായത് അഞ്ചാം തീയതി സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടും വോട്ടെടുപ്പ് 23 നുമാണ്. മേയ് 23നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് തീയതിക്ക് ഇനി അവശേഷിക്കുന്നത് 25 ദിവസങ്ങള്‍ മാത്രം. പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികൾ അവരുടെ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രചാരണത്തില്‍ മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ടെങ്കിലും യു.ഡി.എഫില്‍ വയനാട് സീറ്റുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടില്ല. വടകരയിലും യു.ഡി.എഫില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കെ മുരളീധരന്‍ മണ്ഡലത്തില്‍ സജീവമാണെങ്കിലും അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ യു.ഡി.എഫിലെ വയനാട്ടിലേയും വടകരയിലേയും ആശയക്കുഴപ്പം മാറുമെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം വളരെ മുമ്പേ പ്രചരണത്തില്‍ മുഴുകിയ എല്‍.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്‍.ഡി.എ-യില്‍ ഇന്നലെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായത്. ബി.ഡി.ജെ.എസ് അധ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കാന്‍ പൂര്‍ണ്ണമായും സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. അതേസമയം വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കാന്‍ എത്തുകയാണെങ്കില്‍ അവിടുത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് നേരത്തേ ബി.ജെ.പി അറിയിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് നേതാവ് പൈലി വാത്യാട്ടാണ് നിലവില്‍ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.