തൊഴിലാളികൾക്ക് 18000 രൂപ മിനിമം വേതനം ഉറപ്പാക്കും; സിപിഎം പ്രകടന പത്രിക പുറത്തിറക്കി

ഡൽഹി: തൊഴിലാളികൾക്ക് 18,000 രൂപ മിനിമം വേതനം ഉറപ്പാക്കുമെന്ന വാ​ഗ്ദാനവുമായി സിപിഎം പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് പ്രഖ്യാപിച്ച 12,000 രൂപയുടെ മിനിമം വരുമാന പദ്ധതി രാജ്യമെമ്പാടും ചർച്ചയായ പശ്ചാത്തലത്തിലാണ് സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലാളികൾക്ക് 18000 രൂപയുടെ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്നാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്ന പ്രധാന വാഗ്ദാനം. ഏറെനാളായി തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം വേതനമാണ് 18,000 രൂപ.

സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് സിപിഎമ്മിൻ്റെ ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം  യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മിനിമം വരുമാനത്തിന് പുറമേ പ്രതിമാസം 6000 രൂപ വാർദ്ധക്യ പെൻഷൻ അനുവദിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കവെ യച്ചൂരി പറഞ്ഞു. കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവിൻ്റെ 50 ശതമാനത്തിൽ കുറയാത്ത വില ഉറപ്പാക്കും, എല്ലാ കുടുംബങ്ങൾക്കും പൊതുവിതരണ സംവിധാനം വഴി പ്രതിമാസം 35 കിലോ അരി വിതരണം ചെയ്യും, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് രണ്ട് രൂപ നിരക്കിൽ എഴ് കിലോ അരി നൽകും, തൊഴിൽ രഹിതർക്ക് പ്രതിമാസ ധനസഹായം നൽകും, പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കും, സ്​ത്രീ സംവരണ ബിൽ നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് സിപിഎം പുറത്തുവിട്ട പ്രകടന പത്രികയിലുള്ളത്.