എറണാകുളത്ത് മത്സരിക്കാൻ സരിതയും; പോരാട്ടം ഹൈബി ഈടനെതിരെ

കൊച്ചി: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് സോളാർ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈടനെതിരെ എറണാകുളം മണ്ഡലത്തിലാണ് താന്‍ മത്സരിക്കുന്നതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥി ആകുന്നതിനായി നാമനിർദേശ പത്രിക വാങ്ങാൻ എറണാകുളം കളക്ട്രേറ്റിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.

പല കേസുകളിലും കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാം. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നുള്ള സന്ദേശം ജനങ്ങൾക്ക് നൽകാനാണ് താൻ ആഗ്രഹിക്കുന്നത്. എല്ലാ സോളാർ കേസിലും താൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എഫ്.ഐ.ആര്‍ ഇട്ടവർ പോലും തെര‍ഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളാകുന്നുണ്ട്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്നും സരിത പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് 12-ലധികം കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പല തവണ പരാതികൾ അയച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തനിക്ക് മറുപടി നല്‍കിയിട്ടില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന വ്യക്തി ഒരു സ്ത്രീയുടെ പരാതിയോട് ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു. ‘ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെയാണ് കുറ്റാരോപിതർക്കെതിരെ വര്‍ഷങ്ങളായി താൻ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. അല്ലാതെ പാർലമെൻ്റിൽ പോയി എം.പിയായി ഇരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല’, സരിത കൂട്ടിച്ചേർത്തു.