മഴയിൽ കുതിർന്ന് യു.എ.ഇ; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ദുബായ്: യു.എ.ഇ-യില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യാപകമായി മഴ പെയ്തു. എല്ലാ എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴയാണ് ലഭിച്ചതെന്ന് അധികൃർ വ്യക്തമാക്കി. ചിലയിടങ്ങളിൽ ആലിപ്പഴ വര്‍ഷമുണ്ടായതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി രാജ്യത്തുടനീളം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടല്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദ മാണ് യു.എ.ഇയില്‍ പരക്കെ മഴ പെയ്യാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം രാവിലെ അബൂദബി, ദുബൈ എമിറേറ്റുകളിൽ ആരംഭിച്ച മഴ വൈകുന്നേരത്തോടെ മുഴുവന്‍ എമിറേറ്റുകളിലേക്കും വ്യാപിച്ചു. മിന്നലും ഇടിമുഴക്കത്തോടു കൂടിയുമാണ് മഴ ശക്തമായത്. ഇതോടെ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി താഴുകയും ചെയ്തു. വേനല്‍ ചൂടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ആശ്വാസ മഴ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. ചിലയിടങ്ങളിൽ  കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാണ്, ആയതിനാൽ മത്സ്യബന്ധനത്തിനു പുറപ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.