ബഹിരാകാശം എല്ലാവര്‍ക്കുമുള്ള ഇടം; ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഉപഗ്രഹ വേധ മിസൈൽ പരീക്ഷം വിജയകരമായി പൂർത്തിയാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യപനത്തിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. ബഹിരാകാശം എല്ലാവര്‍ക്കും പ്രവർത്തിക്കാനുള്ള ഇടമാണെന്നും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് ബഹിരാകാശത്ത് മാലിനീകരണമുണ്ടാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിലുണ്ടായ 250 ചെറുഭാഗങ്ങളെ തങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക്ക് ഷാൻഹാൻ പറഞ്ഞു.

അതേസമയം ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യ അറിയിച്ചു. അന്തരീക്ഷത്തിലെ താഴ്ന്ന ഓർബിറ്റുകളിലാണ് പരീക്ഷണം നടത്തിയതെന്നും പരീക്ഷണത്തിലുണ്ടായ അവശിഷ്ടങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഭൂമിയിൽ തന്നെ പതിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

ചാര ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്തുന്നതിനുള്ള മിസൈൽ വിക്ഷേപണത്തിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു. വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയെന്നും ചാരപ്രവൃത്തിക്കായി രാജ്യത്തിന് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

തദ്ദേശിയമായി നിർമിച്ച മിസൈൽ ഉപയോഗിച്ച ഈ പദ്ധതിയുടെ പേര് മിഷൻ ശക്തി എന്നാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 300 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹമാണ് മിസൈൽ തകർത്തത്. ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ഒരു രാജ്യത്തിനും എതിരല്ലെന്നും രാജ്യാന്തരനിയമങ്ങളും ധാരണകളും ലംഘിക്കാതെയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിരോധത്തിന് മാത്രമേ ഈ സാങ്കേതിക ശേഷി ഇന്ത്യ ഉപയോഗിക്കുകയുള്ളുവെന്നും ബഹിരാകാശത്തെ ആയുധ മത്സരത്തിന് ഇന്ത്യ എതിരാണെന്നും പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉപഗ്രഹവേധമിസൈൽ ശേഷി കൈവരിച്ചതോടെ ഇന്ത്യയെ വൻ ബഹിരാകാശ ശക്തിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് വന്നത്.