തുഷാർ മത്സരിക്കരുതെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കരുത് എന്നു പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ എസ്.എൻ.ഡി.പി ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതാണെന്നും അക്കാരണത്താലാണ് താൻ അങ്ങനെ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് ഇപ്പോഴും തൻ്റെ നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

തുഷാർ അച്ചടക്കമുള്ള സംഘടനാ നേതാവാണ്. തുഷാറിൻ്റെ സ്ഥാനാർഥിത്വം അടുത്ത കൗൺസിലിൽ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ സംഘടനയുടെ നിർദേശം തുഷാർ സ്വീകരിക്കുമെന്നും തുഷാർ സംഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭാരവാഹിത്വം രാജിവെയ്ക്കണമെന്ന്  വെള്ളാപ്പള്ളി നടേശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൃശ്ശൂരിലെ സ്ഥാനാർത്ഥിത്വം ഉറപ്പായ സാഹചര്യത്തിൽ ഭാരവാഹിത്വം ഒഴിയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. ഭാരവാഹിത്വം ഒഴിയണമെന്നത് അച്ഛൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അച്ഛൻ്റെ ആശീർവാദത്തോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതെന്നുമാണ് തുഷാർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ദിവസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്ന തുഷാറിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പായ സാഹചര്യത്തിലാണ് ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശൻ നിലപാടറിയിച്ചത്.