ജമ്മുവിലെ ഷോപ്പിയാനയിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു; കൂടുതൽ ഭീകരർക്കായി തെരച്ചിൽ ഊർജിതം

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചു. സൗത്ത് കാശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ ഇന്ന് രാവിലെ തെരച്ചില്‍ നടത്തിയപ്പോഴായിരുന്നു സൈന്യത്തെ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തിയത്. സൈന്യം പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മുന്നു ഭീകരരാണ് ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും തോക്ക് ഉള്‍പ്പെടെയുളള ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.

അതേസമയം, കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യം പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷോപ്പിയാനയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച ഇമാം ഷാഹിബില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു.