യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദം; രാഹുൽ വയനാട്ടിൽ മൽസരിച്ചേക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥീ പ്രഖ്യാപനം വഴിമുട്ടി. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ എതിര്‍ത്ത് യു.പി.എ ഘടകകക്ഷികള്‍ രംഗത്ത് വന്നതോടെയാണ് വയനാട് യു.ഡി.എഫിന് കീറാമുട്ടിയായത്. രാഹുല്‍ വയനാട് മത്സരിക്കുന്നത് ശരിയായ തീരുമാനമല്ലെന്നും ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയായ തീരുമാനമല്ലെന്നും എന്‍.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ കൂടി ജനവിധി തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരി ദൃഢമാക്കുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണ് വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നതെന്ന് ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ സി.പി.എം-ന്റെ അഭിപ്രായം മാനിച്ച് പോളിറ്റ് ബ്യൂറോയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് എന്‍.സി.പിയും ലോക് താന്ത്രിക് ജനതാദളും ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

അതേസമയം അമേഠിയില്‍ അല്ലാതെ മറ്റൊരു മണ്ഡലം കൂടി തെരഞ്ഞടുക്കുകയാണെങ്കില്‍ രാഹുലിന് സുരക്ഷിതമായി കര്‍ണാടകയില്‍ മല്‍സരിക്കാമെന്നാണ് ശരത് പവാറിന്റേയും ശരത് യാദവിന്റേയും അഭിപ്രായം. കര്‍ണാടകയിലെ രായ്ച്ചൂര്‍, ചിക്കോടി മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഇപ്പോള്‍ തന്നെ രാഹുലിന് ക്ഷണമുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇരുവരേയും പിന്‍വലിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്തായാലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി വ്യക്തിപരമായി കൈക്കൊള്ളട്ടേയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.