തെരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യം? പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍ തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് മല്‍സരിച്ചു കൂടായെന്നാരുന്നു പ്രിയങ്കയുടെ മറുപടി. മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘പാര്‍ട്ടി തന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മല്‍സരിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് പ്രിയങ്ക ഗാന്ധിയുടേത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണെങ്കിലും പാര്‍ലമെന്ററി രാഷ്ടീയ രംഗത്തേക്ക് പ്രിയങ്ക ഉടന്‍ എത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഈ സാഹചര്യത്തിലാണ്
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ പ്രിയങ്ക ഗാന്ധി തന്റെ നിലപാട് മാധ്യമങ്ങളുമായി പങ്കുവച്ചത്.

കോണ്ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘ന്യായ്’ പദ്ധതിയെ വിമര്‍ശിച്ച ബി.ജെ.പിയെയും ബി.എസ്.പി നേതാവ് മായാവതിയെയും വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രിയങ്ക നയം വ്യക്തമാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. എന്നാൽ പ്രിയങ്ക മൽസരിച്ചാൽ  കൂടുതൽ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവും പാർട്ടിയിലുണ്ട്. അതേസമയം പ്രിയങ്കാ ഗാന്ധി കൂടി മല്‍സര രംഗത്തു വന്നാല്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് നല്ല സന്ദേശമായിരിക്കില്ലായെന്ന വികാരം തുടക്കത്തില്‍ തന്നെയുണ്ട്. ഇപ്പോള്‍ തന്നെ സോണിയാ ഗാന്ധി റായിബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സര രംഗത്തുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മൽസരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.