ചൂടിൽ നട്ടം തിരിഞ്ഞ് കേരളം; പലയിടങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ; വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ

തിരുവനന്തപുരം: ചുട്ടു പൊള്ളുന്ന വേനല്‍ ചൂടില്‍ കേരളം നട്ടം തിരിയുന്നു. ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതമേറ്റ് ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് മാത്രം വിവിധയിടങ്ങളില്‍ 35-ഓളം പോര്‍ക്ക് സൂര്യതാപമേറ്റതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാടും കൊല്ലം ജില്ലയിലെ പുനലൂരിലും ചൂട് ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന ചൂട് ഇന്ന് 41 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് ഡിഗ്രിയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മൂന്നു ഡിഗ്രി വരെയും താപനില ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കൊടും ചൂടിനെയും വരള്‍ച്ചയെയും പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു സമിതികള്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാന്‍ തീരുമാനമായി. കൂടാതെ പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാനും ആവശ്യമായ മേഖലകളില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കും. പകര്‍ച്ചവ്യാധി പിടിപെട്ട് ആയിരക്കണക്കിന് പേരാണ് നിത്യേന ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നതെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നു. മലയോരമേഖലകളില്‍ അസഹ്യമായ ചൂട് കാരണം പലയിടങ്ങളിലും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്, ഇത് ഗൗരവമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് എ.സി, ഫാന്‍, കൂളര്‍ ഉപയോഗം വര്‍ധിച്ചതായും വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡിലാണെന്നും കെ.എസ്. ഇ.ബി സാക്ഷ്യപ്പെടുത്തുന്നു. കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം ഉപയോഗം 85.89 ദശലക്ഷം യൂണിറ്റ് ആണ്. ബോര്‍ഡ് മാര്‍ച്ച് മാസം പ്രതീക്ഷിച്ച പ്രതിദിന ശരാശരി ഉപയോഗം 77.90 ദശലക്ഷം യൂണിറ്റ് ആണ്. ആ സ്ഥാനത്താണ് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡിലെത്തിയത്. ചൂട് ഇതേരീതിയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.