കോൺഗ്രസിൻ്റെ പണമുറപ്പ് പദ്ധതിയെ വിമർശിച്ചു; നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

ഡൽഹി: കോൺഗ്രസിൻ്റെ പണമുറപ്പ് പദ്ധതി വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. രാജീവ് കുമാറിൻ്റെ പരാമർശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്.

പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ, സംവിധാനങ്ങൾ, വാഹനങ്ങൾ എന്നിവ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ പിന്തുണ നല്കുന്ന രീതിയില് പ്രവർത്തിക്കാൻ പാടില്ല. നീതി ആയോഗ് സർക്കാർ സംവിധാനമാണ്. അതിൻ്റെ ഉപാധ്യക്ഷന് സർക്കാരിൻ്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ആളും. അങ്ങനെയുള്ള ഒരു വ്യക്തി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലയിരുത്തൽ.  വിഷയത്തില് രണ്ടുദിവസത്തിനകം വിശദീകരണം നൽകണമെന്നും രാജിവ് കുമാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ  ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് വേണ്ടി ‘ചന്ദ്രനെ’ വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് രാജീവ് കുമാർ പരിഹസിച്ചിരുന്നു. കോൺഗ്രസിൻ്റെ മിനിമം വരുമാനപദ്ധതി സാമ്പത്തിക ശാസ്ത്രത്തിന്‍റെയും സാമ്പത്തിക അച്ചടക്കത്തിന്‍റെയും പരീക്ഷകളിൽ പരാജയപ്പെടും. 1971-ല്‍ ‘ഗരീബി ഹഠാവോ’, 2008-ല്‍ ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’, 2013 ‘ഭക്ഷ്യസുരക്ഷാബില്‍’ എന്നിവ കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്നെങ്കിലും അവയൊന്നും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും ഈ പദ്ധതിയും നടപ്പാകാൻ പോകുന്നില്ലെന്നും രാജീവ് കുമാർ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.