കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതി ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കെന്ന് രാഹുൽ ഗാന്ധി.

ഗംഗാനഗർ: ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 12000 രൂപ ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതി ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യാ മഹാരാജ്യത്തു നിന്നും ദാരിദ്ര്യം എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള സ്‌ഫോടനമാണിതെന്നും ഇതുപോലെയൊരു വിപ്ലവ തീരുമാനം ഒരു രാജ്യവും ചരിത്രത്തിലിതുവരെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ സുര്‍താഗഡില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്നും അതുവഴി അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായി പദ്ധതിയുടെ ഗുണം ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നര്‍ക്ക് നല്‍കിയെങ്കിൽ വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഭരണം ആ പണം പാവപ്പെട്ടവരുടെ കൈകളില്‍ ഭദ്രമായി എത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ദാരിദ്ര്യ രേഖയിലുള്ളവര്‍ക്ക് 12,000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്ന ചില ആശയക്കുഴപ്പങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി കൃത്യമായ വിശദീകരണവും നല്‍കി.

ഒരുവര്‍ഷം ശരാശരി 72,000 രൂപ വരെ രാജ്യത്തെ ഏറ്റവും ദരിദ്രമായ അഞ്ചു കോടിയോളം വരുന്ന കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യും. എന്നാല്‍ എല്ലാവര്‍ക്കും പ്രതിമാസം 12000 രൂപ വരുമാനം നല്‍കുമെന്നല്ല ഇതിനര്‍ത്ഥം, അതായത് ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപയാണ് വരുമാനമെങ്കില്‍ അവശേഷിക്കുന്ന തുകയായ 6000 രൂപ സര്‍ക്കാര്‍ നല്‍കി ആകെ 12,000 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി. വരുമാനം 8000 ആണെങ്കിൽ 4000 രൂപയും വരുമാനം 10000 ആണെങ്കിൽ 2000 രൂപയും സർക്കാർ ഉറപ്പാക്കും. അങ്ങനെ ഓരോ കുടുംബത്തിന്റേയും നിലവിലെ പ്രതിമാസ വരുമാനതുകയെ ആശ്രയിച്ചാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.