ബി.എസ്.എൻ.എൽ വിങ്സിലൂടെ സൗജന്യ വോയിസ് കോൾ ഓഫർ; ഇന്റർനാഷണൽ റോമിംഗിലും ഇൻകമിങ് കോളുകൾ സൗജന്യം

ബി.എസ്.എൻ.എലിന്റെ നിലവിലുള്ള ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, FTTH, മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫർ നിലവിൽ വന്നു. VoIP (വോയിസ് ഓവർ ഐപി) അധിഷ്ഠിതമായ ബി.എസ്.എൻ.എൽ വിങ്സ് സേവനത്തിൽ കൂടിയാണിത്. VoIP സാങ്കേതിക വിദ്യയുടേയും ലാൻഡ് ലൈൻ സേവങ്ങളുടെയും ഒരു സംയോജനം ആണ് ബി.എസ്.എൻ.എൽ വിങ്സ്. ഉപഭോക്താവിന് വിങ്സ് മൊബൈൽ ആപ്പിലൂടെ സിം കാർഡ് ഇല്ലാതെ തന്നെ തങ്ങളുടെ മൊബൈലിൽ നിന്നും കോളുകൾ വിളിക്കുവാനും സ്വീകരിക്കുവാനും സാധിക്കും. നാഷണൽ, ഇന്റർനാഷണൽ റോമിംഗ് നടത്തുമ്പോഴും ഇൻകമിങ് കോളുകൾ സൗജന്യമായിരിക്കും. മാത്രമല്ല ഇന്റർനാഷണൽ റോമിംഗ് വേളയിൽ ഇന്ത്യയിലേക്കുള്ള ഔട്ട്ഗോയിംഗ് കോളുകൾ വിങ്സ് ആപ്പ് വഴി മിനിറ്റിനു കേവലം 1 രൂപ 20 പൈസ നിരക്കിൽ ചെയ്യുവാൻ സാധിക്കുന്നതാണ്. ബി.എസ്.എൻ.എൽ വെബ്സൈറ്റ് ആയ www.bsnl.co.in സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ സേവനത്തിനായി രജിസ്റ്റർ ചെയ്ത് യൂസർ നെയിമും പാസ്സ് വേർഡും കരസ്ഥമാക്കാം. ഇതിനു ശേഷം ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ബി.എസ്.എൻ.എൽ വിങ്സ് ആപ്പ് ഡൌൺലോഡ് ചെയ്ത് ലോഗിൻ ചെയ്തതിനു ശേഷം കോളുകൾ വിളിച്ച് തുടങ്ങാം. ബി.എസ്.എൻ.എൽ വിങ്സ് ഉപഭോക്താവ് ഏതെങ്കിലും ഇന്റർനെറ്റ് / വൈഫൈ നെറ്റ് വർക്കിൽ കണക്ടഡ് ആയിരിക്കുന്നിടത്തോളം ഒരു ഇൻകമിങ് കോൾ പോലും നഷ്ടമാകുന്നതല്ല. ബി.എസ്.എൻ.എൽ നമ്പറുകളിൽ നിന്നും വിങ്സ് നമ്പറുകളിലേക്കുള്ള കോൾ ഫോർവേഡിങ് സൗജന്യമായിരിക്കും.