അനധികൃത ‘ഡ്രോണ്‍’ പറത്തലിന് കര്‍ശന നിയന്ത്രണം; ലൈസൻസ് നിർബന്ധമാക്കി പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ അനധികൃത ഡ്രോണുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ പോലീസ് നീക്കം. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കാന്‍ ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഈ മേഖലയില്‍ പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പോലീസ് വിശദമായ അന്വേഷണവും പരിശോധനയും നടത്തുമെന്നും പോലീസ് മേധാവി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വേളി വി.എസ്.എസ്.സി സുരക്ഷാ മേഖലയിലും വഴുതക്കാട് പോലീസ് മേധാവി ആസ്ഥാന പരിസരത്തും അനുവാദമില്ലാതെ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നിയമം കര്‍ശനമാക്കുന്നത്.

ഈ പ്രദേശങ്ങളില്‍ രാത്രി സമയത്ത് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ തീരദേശ റെയില്‍വേ പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ സംഘമാണ് ഡ്രോണ്‍ പറത്തിയതെന്ന് പോലീസിന് ബോധ്യമായി. ഈ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. നിയമാനുസൃതമായാണ് ഡ്രോണ്‍ പറത്തിയതെന്നും എന്നാല്‍ ബന്ധപ്പെട്ടവരില്‍ നിന്നും അനുവാദം വാങ്ങിയിരുന്നില്ലെന്നും സംഘം വ്യക്തമാക്കി. നേമത്ത് നിന്നാണ് പറത്തിയതെങ്കിലും നിയന്ത്രണം വിട്ടാണ് വഴുതക്കാട് പ്രദേശത്തേക്ക് ഡ്രോണ്‍ സഞ്ചരിച്ചതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

ഈ മാസം 21 വ്യാഴാഴ്ച രാത്രി വൈകി അതീവ സുരക്ഷാ മേഖലയായ തുമ്പ വി.എസ്.എസ്.സി-യുടെ മുകളിലൂടെ ഡ്രോണ്‍ പറത്തിയത് സുരക്ഷക്കായി നഗരത്തില്‍ രാത്രി പട്രോളിംഗിന് നിയോഗിച്ചിരുന്ന പൊലീസ് സംഘമാണെന്നും അന്വേഷണത്തിനൊടുവില്‍ ബോധ്യമായി. അറസ്റ്റുകള്‍ രേഖപ്പെടുത്തിയില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പോലീസ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആവര്‍ത്തനമുണ്ടാകാതിരിക്കാന്‍ വേണ്ട സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി.

പാക് ഭീകരര്‍ നടത്തിയ പുല്‍വാമ ആക്രമണവും തുടര്‍ന്ന് ഇന്ത്യ പാക് മണ്ണില്‍ നടത്തിയ പ്രത്യാക്രമണത്തിന്റേയും അലയൊലികള്‍ കെട്ടടങ്ങാത്ത സാഹചര്യത്തില്‍ കേരളമുള്‍പ്പടെയുള്ള തീരദേശ പ്രദേശങ്ങളിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നനിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് അനധികൃത ഡ്രോണുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനും അന്വേഷണം ത്വരിതഗതിയിലാക്കാനും സംസ്ഥാന പോലീസ് തീരുമാനിച്ചത്.