ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി; പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടി.

കൊല്ലം: ഓച്ചിറയില്‍ നിന്നും രണ്ടാഴ്ചകള്‍ക്ക് മുമ്പ് തട്ടികൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ പെണ്‍കുട്ടിയെ കണ്ടെത്തി. കേരളാ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ മുംബൈയിൽ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷൻ എന്ന യുവാവിനേയും പൊലീസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും റോഷനെയും മുംബൈയിൽ നിന്നും പോലീസ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പത്ത് ദിവസമായി യാത്രയിലായിരുന്ന പ്രതിയും പെൺകുട്ടിയും രണ്ട് ദിവസം മുമ്പാണ് മഹാരാഷ്ട്രയിലെത്തുന്നത്. കേളത്തിൽ നിന്നും ഇവർ  ആദ്യം ബംഗ്ലൂരുവിലേക്കും തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനിലേക്കും പോയി. അവിടെ നിന്നാണ് ഇരുവരും മഹാരാഷ്ട്രയിലെത്തുന്നത്.

സ്വന്തം ബൈക്ക് വിറ്റ് കിട്ടിയ പണവുമായാണ് മുഖ്യപ്രതി റോഷൻ പെൺകുട്ടിയുമായി അന്യസംസ്ഥാനത്തേക്ക് കടന്നത്. മൊബൈൽ ഫോൺ ബോധപൂർവം ഉപയോഗിക്കാത്തതിനാൽ സദാ യാത്ര ചെയ്തിരുന്ന ഇവരെ ലൊക്കേഷൻ മനസിലാക്കി പിന്തുടരുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റുള്ളവരുടെ ഫോൺ വാങ്ങിയാണ് റോഷൻ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ നാട്ടിലേക്ക് വിളിച്ച ഫോൺകോളുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മഹാരാഷ്ട്രയിലെത്തിയത്.

കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ ദീർഘനാളായി വഴിയോരക്കച്ചവടം നടത്തി വന്ന രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെയും സംഘത്തേയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് നാലംഗ സംഘം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ,കൃത്യത്തിൽ പങ്കാളികളായവരെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ബിബിന്‍, അനന്തു, പ്യാരി തുടങ്ങിയ മൂന്ന് പ്രതികളെയും പോലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അവശേഷിച്ച മുഖ്യ പ്രതിയായ മുഹമ്മദ് റോഷനെയാണ് പെൺകുട്ടിയോടൊപ്പം ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേമന തെക്ക് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി നവാസിന്‍റെ മകനാണ് പിടിയിലായ റോഷൻ. ‍പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതായി പരാതി നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തുടക്കത്തിൽ പോലീസ് നിസംഗത പാലിച്ചു എന്ന ആക്ഷേപമുണ്ട്. നടപടിയെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് ശേഷമാണ് പോലീസ് ഉണർന്ന് പ്രവർത്തിച്ചത്.

തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതല്ലെന്നും തങ്ങൾ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഈ വിവരം അറിയാമായിരുന്നുവെന്നും പ്രതി റോഷൻ മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. പതിനെട്ട് വയസ് തികഞ്ഞുവെന്നും മാതാപിതാക്കൾ മറ്റൊരു വിവാഹം നിശ്ചയച്ചതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് റോഷനോടൊപ്പം നാട് വിട്ടതെന്നുമാണ് പെൺകുട്ടിയുടെ വിശദീകരണം. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി വൈദ്യ പരിശോധനയും നടത്തിയ ശേഷം ഇരുവരേയും ഇന്നു തന്നെ കേരളത്തിലേക്ക് കൊണ്ടു വരാനാണ് പോലീസ് തീരുമാനം.