മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്; തൃശൂരും വയനാടും തീരുമാനമായില്ല

ആലപ്പുഴ: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കേരളാ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് 3 സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസിന് അനുവദിച്ചിട്ടുള്ള 5 സീറ്റിൽ ആലത്തൂരില്‍ ടി.വി ബാബു മൽസരിക്കും. ഇടുക്കിയില്‍ ബിജു കൃഷ്ണനും, മാവേലിക്കരയില്‍ തഴവ സഹദേവനുമാണ് മൽസരിക്കുക. എന്നാല്‍ തുഷാർ മൽസരിക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരുന്ന തൃശൂരും, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്നതിൽ യു.ഡി.എഫ്-ൽ അനിശ്ചിതത്വം നിലനിൽക്കുന്ന വയനാട്ടിലും ബി.ഡി.ജെ.എസ്  സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുകയാണെങ്കിൽ ദേശീയ മുഖമുള്ള ശക്തനായ എതിരാളിയെ തന്നെ കളത്തിലിറക്കാനാണ് ബി.ജെ.പി തീരുമാനം. അങ്ങനെയെങ്കിൽ ബി.ഡി.ജെ.എസിന് നൽകിയ വയനാട് സീറ്റ് ബി.ജെ.പി ഏറ്റെടുക്കും. എന്നാൽ പകരം മറ്റെവിടെയെങ്കിലും ബി.ഡി.ജെ.എസിന് സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തില്‍  5 സീറ്റിലെങ്കിലും എന്‍.ഡി.എ-ക്ക് ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തൃശൂരിൽ താൻ മൽരിക്കുന്നതു സംബന്ധിച്ച് തുഷാർ വ്യക്തമായ മറുപടി നൽകിയില്ല.

എന്നാൽ തൃശൂർ മണ്ഡലം എന്‍.ഡി.എയ്ക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റാണെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കാൻ കഴിയില്ലെന്നും തുഷാർ വ്യക്തമാക്കി. ബി.ഡി.ജെ.എസ് കൗണ്‍സില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ എവിടെയാണെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും തുഷാര്‍ പറഞ്ഞു. തൃശൂരിൽ മൽസരിക്കാൻ തുഷാർ ചില ഉപാധികൾ ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുമ്പാകെ വച്ചിരുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യസഭാ സീറ്റ് ലഭിക്കണമെന്നതടക്കമുള്ള ഉപാധികളാണ് തുഷാർ മുന്നോട്ട് വച്ചിട്ടുള്ളത്. ഇതിന് അനുകൂലമായ മറുപടി ലഭിക്കാത്തതാണ് തൃശൂർ സീറ്റ് സംബന്ധിച്ചും തുഷാർ മൽസരിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നത്.