ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാദ്ധ്യതയെന്ന് റിപ്പോർട്ട്; അതീവ ജാഗ്രതാ നിർദേശം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലും ജൂതവിഭാഗത്തില്‍പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ ജൂത മേഘലയിലെല്ലാം ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശന സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് പള്ളിയിലുണ്ടായ ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലെ ജൂത മേഖല ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ചില സംഘടനകള്‍ ഒരുങ്ങുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

കേരളത്തില്‍ നിരവധി ജൂതമത വിശ്വാസികളുള്ള ഇടമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്. ഇന്ന് വിരളിലെണ്ണാവുന്ന ജൂതര്‍ മാത്രമാണ് ഇവിടുള്ളത്. ഫോര്‍ട്ട് കൊച്ചിയിലുള്ള ജൂതപ്പള്ളി അഥവാ ‘സിനഗോഗ്’ ആഗോള തലത്തില്‍ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്. ‘പരദേശി പള്ളി’ എന്നും ഇവിടുത്തെ പള്ളിക്ക് വിളിപ്പേരുണ്ട്. കേരളത്തില്‍ ജൂത ദേവാലയങ്ങള്‍ കുറവാണെങ്കിലും ജൂതവിഭാഗക്കാരുടെ നാല് തലമുറകള്‍ സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാതെ സിനഗോഗിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചി ലക്ഷ്യമിട്ട് ആക്രമണത്തിന് സാദ്ധ്യതയെന്ന രഹസ്യ വിവരം പുറത്തു വരുന്നത്.