വയനാട് സീറ്റിൽ അനിശ്ചിതത്വം; കോൺഗ്രസ് പതിനൊന്നാം പട്ടികയിലും വയനാടും വടകരയുമില്ല

ഡല്‍ഹി: കോണ്‍ഗ്രസിന്റെ വയനാട് സീറ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്ന് ദേശീയാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച പതിനൊന്നാം പട്ടികയിലും കേരളത്തിലെ വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല.വടകരയിലെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു സൂചനയും നല്‍കിയില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കെയാണ് പതിനൊന്നാം പട്ടികയിലും വടകരയും വയനാടും ഒഴിച്ചിട്ടിരിക്കുന്നത്.

ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നാണ് കോണ്‍ഗ്രസ്സിവലെ ചില ഉന്നത നേതാക്കൾ നല്‍കുന്ന സൂചന.  കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള ക്ഷണം ഇപ്പോള്‍ തന്നെ പരിഗണനയിലുണ്ടെന്ന് എ.ഐ.സി.സി വക്താവ് വ്യക്തമാക്കി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം ഇല്ലെന്നും വയനാടിന് രാഹുല്‍ ഗാന്ധി പ്രഥമ പരിഗണന നല്‍കുമെന്നുമായിരുന്നു ഇന്നും ഉമ്മന്‍ചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതുവരെ ആകെ 258 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.  പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചു. സി.പി.എമ്മുമായി യാതൊരുവിധ സഖ്യമില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.