വൻ പദ്ധതിയുമായി കോൺഗ്രസ്; ദരിദ്രർക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കും.

ഡൽഹി: രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ വരെ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഓരോ പൗരനും മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്തവണ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും യുവാക്കൾ, കർഷകർ എന്നിവർക്ക് മുൻഗണന ഉറപ്പ് നൽകുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ദരിദ്രർക്ക് പ്രതിമാസം 6000 മുതൽ 12,000 വരെ വരുമാനം ഉറപ്പുവരുത്തുമെന്നും 20 ശതമാനം പേർക്ക് ഇത് ഗുണകരമാകുമെന്നും ഇതാദ്യമായാണ് ലോകത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

5 കോടി കുടുംബങ്ങളിലായി 25 കോടി പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് കോൺഗ്രസ് പ്രഖ്യാപിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവർക്കും സംശയ മുണ്ടാകാമെന്നും എന്നാൽ ആ സംശയത്തിന് അടിസ്ഥാനമില്ലെന്നും വിദഗ്‍ധരെ ഉൾപ്പെടുത്തി വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിയുടെ ബ്ലൂപ്രിന്‍റ്  തയ്യാറാക്കിയതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരിൽ നിന്നും കേന്ദ്രസർക്കാർ തട്ടിയെടുക്കുന്നതെന്നും ഈ കൊള്ള അവസാനിപ്പിക്കണമെന്നും എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. എല്ലാവർക്കും ഓരോ മാസവും പരമാവധി 12000 രൂപ വരുമാനം അധികാരത്തിൽ വന്നാൽ കോൺഗ്രസ്  സർക്കാർ ഉറപ്പാക്കും. അല്ലാത്തവർക്ക് മറ്റ് മാർഗ്ഗങ്ങളിലൂടെ സർക്കാർ ധനസഹായം നൽകും.

പ്രതിവർഷം 72000 രൂപ വരെ ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രർക്കും പണക്കാർക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോൺഗ്രസ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും മറിച്ച് എല്ലാവർക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം മറ്റു വിഷയങ്ങളിലെ ചോദ്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തരോട് പറഞ്ഞു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  രാഹുല്‍ ഗാന്ധി ചിരിയിൽ മറുപടി ഒതുക്കുകയായിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയോട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും വയനാട് വിഷയത്തിൽ രാഹുൽ പ്രതികരിച്ചില്ല. ഇതോടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കൂടുതൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

ദിവസങ്ങളായുള്ള അനിശ്ചിതത്വം തുടരവേ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഏറെ ആകാംക്ഷയോടെയാണ് പ്രവർത്തകർ രാഹുലിൻ്റെ തീരുമാനത്തിനായി കാത്തിരുന്നത്. അതിനായി വയനാട്ടിലെ പ്രചാരണം പോലും നിർത്തി വയ്ക്കുന്ന സാഹചര്യമുണ്ടായി. വയനാട് വിഷയത്തിൽ പ്രതികരിക്കാതെ രാഹുൽ മടങ്ങിയതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇനിയും തീരുമാനം വൈകിയേക്കും.  പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിലുടക്കി UDF ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുകയാണ്.