നടി ജയപ്രദ ബി.ജെ.പി.യിലേക്ക്; ഉത്തർപ്രദേശിൽ മത്സരിക്കുമെന്ന് സൂചന

ലഖ്‌നൗ: പ്രശസ്ത ചലചിത്ര നടി ജയപ്രദ ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുന്ന ജയപ്രദ ഉത്തർപ്രദേശിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സമാജ് വാദി പാർട്ടിയിൽ അംഗമായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തർപ്രദേശിലെ രാംപുരിൽ നിന്നായിരിക്കും ജയപ്രദ ഇത്തവണയും മത്സരിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

ഇത്തവണ അതേ മണ്ഡലത്തിൽ ജയപ്രദ ജനവിധി തേടുമ്പോൾ സമാജ് വാദി പാർട്ടി നേതാവ് അസംഖാനാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.നിലവിലെ രാംപുർ എം.പി ഡോ.നേപാൽ സിങിനെ മാറ്റി ജയപ്രദയെ കളത്തിലിറക്കി മണ്ഡലം നിലനിർത്തമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതീക്ഷ.

തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ടീയത്തിലെത്തിയ ജയപ്രദ ആന്ധ്രാപ്രദേശിൽ നിന്ന് രാജ്യസഭാംഗമായിരുന്നു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട ജയപ്രദ സമാജ് വാദി പാർട്ടിയിൽ ചേരുകയായിരുന്നു. ആന്ധ്രയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ  ജയപ്രദ 2004-ലും 2009-ലും രാംപുരിൽ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി. അതിനിടെ പാർട്ടിയിലെ മുതിർന്ന നേതാവായ അസംഖാൻ തൻ്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് ജയപ്രദ ആരോപണമുന്നയിച്ചു. നടിയുടെ ആരോപണം പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ ആർ.എൽ.ഡിയിൽ ചേർന്നു. എന്നാൽ 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജ്‌നോറിൽ മത്സരിച്ച ജയപ്രദ പരാജയപ്പെട്ടു. രാംപൂരിൽ അസംഖാന് ഒത്ത എതിരാളിയെന്ന നിലയ്ക്കാണ് ജയപ്രദയ്ക്ക് അംഗത്വം നൽകി മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.