ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാടറിയിച്ച് കമൽഹാസൻ

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മക്കള്‍ നീതി മയ്യം(എം.എന്‍.എം) പ്രസിഡന്റ് കമല്‍ഹാസന്‍. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെല്ലാം തന്‍റെ മുഖങ്ങളാണെന്നും അവരെ പിന്തുണക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രകടന പത്രികയും സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടികയും ഇന്ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തുവിടും. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള മക്കൾ നീതി മയ്യത്തിന്‍റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘എല്ലാ സ്ഥാനാര്‍ത്ഥികളും എന്‍റെ മുഖങ്ങളാണ്. തേര് ആകാതെ സാരഥി ആകുന്നതില്‍ അഭിമാനമുണ്ട്’- കമല്‍ഹാസൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തമിഴ്നാട്ടില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും താന്‍ സ്ഥാനാർത്ഥിയാകില്ല. പാർട്ടിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും തൻ്റെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി. പാർട്ടി രൂപീകരിച്ചത് മുതൽ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ കമല്‍ഹാസന്‍ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ തുടങ്ങിയവയും എൻ.എം.എൻ ൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.